2013, ജൂൺ 17, തിങ്കളാഴ്‌ച

ശ്ശ്..ഒച്ചയുണ്ടാക്കരുത്..!!



കാടിന് നടുവില്‍,
കല്ലുകൊണ്ടുണ്ടാക്കിയ
മേല്ക്കൂരയില്ലാത്തൊരു വീട്,
വീടിന്‍റെ നടുവില്‍ ഒരു മരം,
മരത്തിനു ചുറ്റും വീട്..

മരം നിറയെ പുസ്തകങ്ങളാണ്,
പുസ്തകതാളുകളില്‍ നിറയെ മരങ്ങളും..

മേളിലെ ഇലചാര്‍ത്തിനപ്പുറത്ത്,
നീലനിറമുള്ള കണ്ണാടിയില്‍ നോക്കിയാല്‍
എന്‍റെ സ്വപ്‌നങ്ങള്‍ കാണാം.

വിഷയാനുസരണം തരംതിരിച്ച്
ലേബല്‍ ഒട്ടിക്കണെന്നോര്‍ത്ത്
മേശപ്പുറത്തു വാരിവലിച്ചിട്ടിരിക്കുന്നവ...!

അറ്റങ്ങള്‍ തപ്പിയെടുത്ത് വരികയായിരുന്നു ഞാന്‍,

ആരാണ്
കസേരകള്‍ നിരക്കി നിരക്കി
ഈ ഒച്ചയുണ്ടാക്കുന്നത്??

ശബ്ദമില്ലാതെ ഞാനിരുന്നു കരയുന്നത്
നിശബ്ദതയെങ്കിലുമൊന്നു കേട്ടോട്ടെ..

എവിടെ..!!

ഭൂമി ഇപ്പോളും കറങ്ങിക്കൊണ്ടിരിക്കയാണ്.

2013, മേയ് 23, വ്യാഴാഴ്‌ച

കാശിക്കു പോയ കഥ

ഇന്ന് ചെന്നിട്ട് ഒരു മല മറിക്കണമെ-
ന്നെന്നുമോര്‍ക്കാറൊണ്ട് ഞാന്‍.........,.
നേരം വെളുത്തു.
വീണ്ടും 'ഇന്ന്' ആയി.
പയ്യെ പയ്യെ ഞാനങ്ങു
നടന്നെത്തിയപ്പഴാണോര്‍ക്കുന്നത്,
കമ്പിപാര എടുക്കാന്‍ മറന്നു..!!
മറവിയുടെ മരണം,
ഓര്‍മയുടെ നിശബ്ദത..
ഞാന്‍ തിരിയെ നടന്നു..
വഴിയില്‍
രാജുവും രാധയും
കള്ളനും പോലീസും കളിക്കുന്നുണ്ടായിരുന്നു.
സൂചി വാങ്ങാന്‍ കേറിയതാണ് കടയില്‍.,
നൂലിന്റെ നിറം തിരഞ്ഞെടുക്കാന്‍
ഒരു നൂറ്റാണ്ടിലധികമെടുത്തു..!!
പാട്ടുപെട്ടിയില്‍ ഒരു സിനിമ
ഓടികഴിഞ്ഞിരുന്നു..
പൂച്ചകുറികുറിഞ്ഞ്യാരപ്പൊ
തോണ്ടാനും മാന്താനും വന്നു.
സത്യായിട്ടും ഭൂമികുലുക്കമുണ്ടായെന്നു
ഞാന്‍ പറഞ്ഞിട്ട്,
ആരും വിശ്വസിച്ചില്ല..!
ദേഷ്യം വന്നു.
പിന്നെ നിന്നോടോരോന്നങ്ങനെ
മിണ്ടീം പറഞ്ഞുമിരുന്ന്‍,
എപ്പഴോ ,
ഞാനെന്‍റെ മടിയില്‍ കിടന്നുറങ്ങി..

2013, മേയ് 16, വ്യാഴാഴ്‌ച

കാറ്റാടികള്‍


കുന്നിന്‍പുറത്തെ
കറന്റുണ്ടാക്കുന്ന കാറ്റാടികള്‍.....,..
എന്തൊരു പൊക്കമാണവയ്ക്ക്!
കാറ്റിനെ പിഴിഞ്ഞ്
നീരൂറ്റി കുടിച്ചു കുടിച്ചു
അവരങ്ങനെ നീണ്ടുപൊയ്ക്കൊണ്ടെയിരുന്നു..
തീരെ കുഞ്ഞിതാണ് ഞാനെന്നുതോന്നി,
ചോട്ടില്‍ ചെന്ന് നിന്ന് മേലോട്ട്നോക്കിയപ്പോള്‍.
മനസ്സിലുറപ്പിച്ചു,
പ്രിന്‍സ്റ്റ൯ യൂണിവേര്‍സിറ്റിയില്‍
പഠിക്കാന്‍ പോകണമെനിക്കെന്ന്‍,
വെയിലിനെ പിഴിഞ്ഞ്
വെട്ടം മാത്രം അകത്തേക്ക് കടത്തിവിടാന്‍..!!!,!!
( ജനാലയ്ക്കരികില്‍ വച്ചിരിക്കുന്ന
എന്‍റെ കാറ്റാടിയുടെ നിറം മങ്ങാതിരിക്കുമല്ലോ :) )
എന്നിട്ട്പഠിച്ചു പഠിച്ചു
വലിയ ആളാവണമെനിക്ക്
കുന്നിന്‍പുറത്തെ കാറ്റാടികള്‍ടത്രേം വേണ്ടെങ്കിലും..!!

2013, മേയ് 11, ശനിയാഴ്‌ച

പാറൂന്‍റെ സ്വപ്നം

സമയം കിട്ടുമ്പോഴൊക്കെ പാറു ചിത്രങ്ങള്‍ വരച്ചു.അങ്ങനെ ഇന്നതെന്നില്ല, തോന്നിയതൊക്കെ വരച്ചുക്കൂട്ടി..എന്ന് വെച്ച് വലിയ ചിത്രകാരി എന്നൊന്നും പറയാന്‍ പറ്റില്ല..ചിത്രം വരക്കാന്‍ വല്ല്യ ഇഷ്ടാണ്, അതോണ്ട് വരയ്ക്കുന്നു..

മിക്കതും അപൂര്‍ണങ്ങള്‍..,..മനുഷ്യരെ വരയ്ക്കാനാണ് തീരെ അറിയാത്തത്, എന്നാല്‍ അധികവും വരക്കുന്നത് മനുഷ്യരെയാണുതാനും. ശരിയായില്ലെന്ന് തോന്നുമ്പോള്‍ അവള്‍ അതിന്റെ മേലേ നിറങ്ങള്‍ കോരിയൊഴിച്ചു..എന്ത് അപാകതകളും ചായമടിച്ച് മറയ്ക്കാമെന്നാണല്ലോ പൊതുവേയുള്ള ഒരു ധാരണ..!

പക്ഷെ, അതുകൊണ്ടല്ല..നിറങ്ങള്‍ അങ്ങനെ കൂടിക്കലര്‍ന്ന്, നിറക്കുട്ടികളുണ്ടായി പിന്നെയവ ഒഴുകിയൊലിച്ച് നാലുപാടും പടരുന്നത് കാണാനാണ് അവളങ്ങനെ ചെയ്തിരുന്നത്. കുറെ നേരം അങ്ങനെ നോക്കിയിരിക്കുമ്പോ എവിടെ നിന്നെന്നറിയാതെ ചുണ്ടത്ത് വന്നുവീഴുന്ന പുഞ്ചിരിപ്പഴങ്ങളും നുണഞ്ഞിറക്കി, കൂട്ടത്തില്‍ കല്യാണിയെയും ഒന്ന് സ്മരിച്ച്.........

പൂച്ചകളുടെ പടങ്ങള്‍ വരച്ചിരുന്ന, അര്‍ഥമറിയാതെ വായിച്ചുക്കൂട്ടിയ അക്ഷരങ്ങള്‍ക്കിടയില്‍ എവിടെയോവെച്ചു വല്ലാത്തൊരു അടുപ്പം തോന്നിയ കല്യാണി..അവളങ്ങനെ ഇടയ്ക്കും വഴിക്കുമൊക്കെ ഓര്‍മയില്‍ കയറിയിറങ്ങി പോകും.ആര്‍ക്കറിയാം,വല്ല മുജ്ജന്മബന്ധവും ഉണ്ടായിരിക്കും...

പറഞ്ഞുവന്നത് പാറുവിന്‍റെ കഥയായിരുന്നു..എന്റെ ഒരു കാര്യം..!!

പറഞ്ഞുവന്നത്,
കാണുന്ന സ്വപ്നങ്ങളെല്ലാം അവള്‍ വരച്ചുവെച്ചു..എല്ലാമൊന്നുമല്ല..ഒരിക്കലും മറക്കരുതെന്നുള്ളവയും പിന്നെ ഒരിക്കല്ലെങ്കിലും ഒന്നു സത്യമായിരുന്നെങ്കില്‍ എന്നാഗ്രഹിച്ചിരുന്നവയും.!!

അക്കൂട്ടത്തിലുണ്ടായിരുന്ന വളരെ പഴയൊരു ചിത്രമാണ്‌,
ഒരു വല്ല്യേട്ടനും ഒരു കുഞ്ഞിപ്പാറുവും..
ഏട്ടന്‍റെ വിരല്‍തുമ്പില്‍ തൂങ്ങി കടല്‍ തീരത്തൂടെ, വച്ചുവാണിഭക്കാരന്‍റെ കയ്യിലേ കാറ്റാടികളിലേക്കും നോക്കി നടക്കുന്ന പാറു..
ആ ചിത്രം അവള്‍ടെ ആക്രിപ്പെട്ടിയുടെ ആഴങ്ങളിലെവിടെയോ മറക്കപ്പെട്ടു കിടക്കുകയായിരുന്നു..

അങ്ങനെയിരിക്കെ ഒരു ദിവസം അതങ്ങ് പൊങ്ങിവന്നു..!
അവളതിനു പുതിയ നിറങ്ങള്‍ കൊടുത്തു.ഏട്ടന്‍റെ മുഖത്ത് വലിയോരു കണ്ണട വരച്ചു,
 വച്ചുവാണിഭക്കാരന്‍റെ കച്ചവടം ബല്ലൂണുകളിലേക്കുംകൂടി വികസിപ്പിച്ചു.
പാറുവിന്‍റെ മുഖത്ത് ഇത്തിരി ശാഠ്യം വരുത്തി..
ഇത്തവണ നുണഞ്ഞിറക്കിയ പുഞ്ചിരിപഴങ്ങള്‍ക്ക് പതിവിലേറെ മധുരമുണ്ടായിരുന്നു....

അപ്പഴാണ് കല്ല്യാണി വരുന്നത്. ഒരുപാട് പറയാനുണ്ടായിരുന്നു അവളോട്.
കഥകള്‍ പറഞ്ഞു മുഴുമിക്കുന്നത് മുന്‍പ്‌ പക്ഷെ , ഒരു മഴ പെയ്തു.
ട്ടോ..പൊത്തോന്നു ഒരു മഴ..!!തീരെ നിനച്ചിരിക്കാത്ത നേരത്ത്..!!!

ചിത്രം മുഴുവന്‍ നശിച്ചു. കടലാസുപോലും കീറിപോയി. ഓടിവന്ന് അതൊക്കെ പെറുക്കിയെടുക്കുമ്പോഴേക്കും കല്ല്യാണിയും പൊയ്ക്കളഞ്ഞു. തിരയും തീരവും പാറുവും ബാക്കിയായി..വാങ്ങിതരാതിരുന്ന കുപ്പിവളകള്‍ കൊണ്ട്കയറി കാലു മുറിഞ്ഞു..ഉള്ളില്‍ ചോര പൊടിഞ്ഞു..

 അവളോടും പറയാന്‍ ഒത്തില്ല, "കുഞ്ഞേട്ടായീന്നു വിളിച്ചത് വെറുതെയായിരുന്നില്ല" എന്ന്.
മനസ്സിലാക്കിയിട്ടുണ്ടാവുമോ  ആവോ..!!

പറയാന്‍ പറ്റാതെ പോയ വാക്കുക്കള്‍ ഗതികിട്ടാത്ത ആത്മാക്കളെ പോലെ അലഞ്ഞുതിരിയുമെന്നാണ് കല്യാണി പറയാറുള്ളത്.അപ്പൊ നടക്കാതെ പോയ സ്വപ്നങ്ങളോ?.ചോദിക്കാനൊത്തുമില്ല..

പറയാന്‍ വന്ന കഥയെയും പറഞ്ഞു വിട്ടു ഞാന്‍..!!!,!!
വാക്കാത്മക്കള്‍ക്ക് കൂട്ടാകുമെങ്കില്‍ ആകട്ടെ..

2013, ഏപ്രിൽ 22, തിങ്കളാഴ്‌ച

വെള്ളിക്കൊലുസ്സ്

എനിക്കൊരു കൊലുസ്സ് വേണം.
നിറച്ചും മണികള്ലുള്ള..
കാല്ലൊന്നനക്കിയാല്‍,
ഛ് ലും ഛ് ലും എന്ന്
ചിരിക്കുന്ന,
കണ്ണുംവെട്ടത്തൂന്ന് മാറിയാല്‍
അമ്മയ്ക്ക് സിഗ്നല്‍ കൊടുക്കുന്ന
ഒരു വെള്ളിക്കൊലുസ്സ്.
ഇനിയിപ്പോ
ഒറ്റയ്ക്ക് നടക്കേണ്ടിവന്നാല്‍ത്തന്നെ
അസുരന്മാരെങ്ങാനും വന്നാല്‍
ദേവിയായി ഉറഞ്ഞുതുള്ളാന്‍,
ചിലമ്പണിഞ്ഞാല്‍ പക്ഷെ,
എനിക്ക് വേദനിക്കും.
അതുകൊണ്ട്, ഒരു കൊലുസ്സ് വേണം.
നിറയെ മണികളുള്ള
ഒരു കൊലുസ്സ്.






2013, ഏപ്രിൽ 21, ഞായറാഴ്‌ച

പ്രവേശനമില്ല

ഒരിക്കല്‍ മീര പറഞ്ഞതോര്‍ക്കുന്നു,
ഞാനാരെയും അധികം അടുപ്പിക്കില്ല എന്ന്..
എവിടെയോ ഒരു,
"പ്രവേശനമില്ല" ബോര്‍ഡ് വെച്ചിരിക്കുന്നുവെന്ന്‍,
ശരിയാണോ?
ഞാനാരെയും അങ്ങനെ മടക്കാറിലല്ലോ,
വരുന്നവര്‍ക്കൊക്കെ ചായയും 
പലഹാരങ്ങളും കൊടുത്ത്,
നിറയെ വര്‍ത്താനം പറഞ്ഞ്,
പക്ഷെ,
സ്വീകരണമുറിയില്‍ ഇരുത്തി.
ശരിയാണ്..
അകത്തെ മുറികളിലേക്ക്
ആരെയും കയറ്റാറില്ല.
എന്തേ എന്ന് ചോദിച്ചാല്‍.....,...
എനിക്ക് പേടിയാണ്,
കനംകുറഞ്ഞ 
എന്‍റെ പഴയ നോട്ടുപുസ്തകത്തിനുള്ളിലെ
മയില്‍പീലിതുണ്ടുകള്‍ മാനം കണ്ടുപോകുമോ എന്ന്,
പല നിറത്തിലുള്ള അടപ്പുകളുള്ള
ചില്ലുകുപ്പികള്‍ക്കകത്താക്കി
ഞാന്‍ എണ്ണിതിട്ടപ്പെടുത്തി വെച്ചിരിക്കുന്ന
എന്‍റെ മഞ്ചാടികുരു ഒക്കെയും ആരെങ്കിലും
കട്ടോണ്ട്പോകുവോ എന്ന്.
വേണ്ട..
വാതില്‍ അടഞ്ഞു തന്നെ കിടക്കട്ടെ..
സ്വര്‍ണ്ണ നിറമുള്ള മിട്ടായി കടലാസ്സില്‍ പൊതിഞ്ഞു
ഇത്തിരി ധൈര്യവുമായി
ആരെങ്കിലും വരുന്നത് വരെ..

2013, ഏപ്രിൽ 20, ശനിയാഴ്‌ച

നഷ്ടങ്ങള്‍

യാത്രപറയാന്‍ നേരമായി..
തിരിച്ചറിവിന്‍റെ
ആ ഒരു നിമിഷത്തില്‍,
പിന്തിരിഞ്ഞു നോക്കുമ്പോള്‍
നഷ്ടങ്ങള്‍ ഒരുപാട്..

പറയാതെ പോയ കഥകള്‍,
നനയാതിരുന്ന മഴകള്‍,
മിണ്ടാതെയും പറയാതെയുമിരുന്ന ദിനങ്ങള്‍,
വാശിപ്പുറത്ത് നഷ്ടമാക്കിയ നിമിഷങ്ങള്‍,
പോകാതിരുന്ന യാത്രകള്‍,
പോയിട്ടും ആസ്വദിക്കാതിരുന്നവ..

ഇനിയും അവസരങ്ങളുണ്ടാകുമെന്നു
സ്വയം ആശ്വസിക്കുമ്പോഴും..
ആരോ പറഞ്ഞ വാക്കുക്കള്‍,
"ഇന്നലത്തെ യാത്രകളെക്കാള്‍ സുന്ദരമല്ല
നാളത്തെ യാത്രകള്‍...,..
വഴികള്‍ മാറിയേക്കാം,സഹയാത്രികരും.."
എന്‍റെതെന്നു ഞാന്‍ കരുതുന്ന ഈ നിമിഷവും 
നഷ്ടമാവുകയാണ്..